ചാംപ‍്യൻസ് ട്രോഫി കിരീടം ലക്ഷ‍്യമിട്ട് ഇന്ത‍്യ; കണക്കുതീർക്കാൻ ന‍്യൂസിലൻഡ്: ഫൈനൽ മൽസരം 2:30ന്
                                  Mar 9, 2025, 12:26 IST 
                              
                              മറ്റൊരു ഐസിസി കിരീടം ലക്ഷ‍്യമിട്ട് രോഹിത്തും സംഘവും കളത്തിലിറങ്ങുകയാണ്. ദുബായ് രാജ‍്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2:30നാണ് ഇന്ത‍്യ- ന‍്യൂസിലൻഡ് ഫൈനൽ മത്സരം. ടൂർണമെന്‍റിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത‍്യ. എന്നാൽ ഇതുവരെയുള്ള ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ന‍്യൂസിലൻഡിനാണ് ആധിപത‍്യം. നാലുമത്സരങ്ങൾ ഇന്ത‍്യയും ന‍്യൂസിലൻഡും ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും കിവീസിനായിരുന്നു ജയം. ഗ്രൂപ്പ് മത്സരത്തിൽ ന‍്യൂസിലൻഡിനെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ ഇന്ത‍്യ ഫൈനലിനിറങ്ങുമ്പോൾ സ്പിൻ ബൗളർമാരിലാണ് ഇന്ത‍്യയുടെ പ്രതീക്ഷ. രച്ചിൻ രവീന്ദ്ര, കെയ്ൻ വില‍്യംസൺ, ടോം ലാഥം, ഡാരി മിച്ചൽ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിൽ വിള്ളലുണ്ടാക്കാൻ ഇന്ത‍്യൻ ബൗളർമാർക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ 250 റൺസിന് മുകളിൽ വരുന്ന ഏത് വിജയലക്ഷ‍്യവും വെല്ലുവിളിയായേക്കും. 2000 ത്തിൽ നടന്ന ചാംപ‍്യൻസ് ട്രോഫി ഫൈനലിൽ കിവീസിനോടു തോൽവിയറിഞ്ഞതിന്‍റെ പകരം വീട്ടാനിറങ്ങുന്ന ഇന്ത‍്യയുടെ ലക്ഷ‍്യം മൂന്നാം കിരീടമാണ്.