{"vars":{"id": "89527:4990"}}

വീണ്ടും ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

 
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ മത്സരത്തിലെ മിന്നും വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടോസ് ലഭിച്ചിട്ടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചത്. തീരുമാനം മികച്ചതായിരുന്നുവെന്നതിന്റെ സൂചന നല്‍കി ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നാലാമത്തെ ബോളില്‍ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് പുറത്തായി. അര്‍ഷ്ദീപ് സിംഗിന്റെ ബോളില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ ക്യാച്ചിലാണ് സാള്‍ട് പുറത്തായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്ത താരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ബാറ്റ് തട്ടുന്നത്. അതുകൊണ്ട് തന്നെ സെലക്ടര്‍മാര്‍ക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നല്‍കുകയെന്ന സമ്മര്‍ദമാണ് മലയാളി താരമായ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്കുള്ളത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ പത്ത് റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍.