ഇന്ത്യ-പാക് സംഘർഷം: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു
May 9, 2025, 12:36 IST
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ കളിക്കാരെല്ലാം സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പലരും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വ്യാഴാഴ്ച രാത്രിയിൽ ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ധരംശാല സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു ഐപിഎൽ പ്ലേ ഓഫിന് മുമ്പായി ഇനി 12 മത്സരങ്ങൾ കൂടി പൂർത്തിയാകാനുണ്ട്. ഇതിനിടെയാണ് ബിസിസിഐയുടെ നിർണായക തീരുമാനം. ഇന്ന് ലക്‌നൗ-ബംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു.