{"vars":{"id": "89527:4990"}}

ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഓവലിൽ ഇന്ത്യൻ വിജയഗാഥ, ജയം 6 റൺസിന്; സിറാജിന് അഞ്ച് വിക്കറ്റ്

 
ഓരോ നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന സ്ഥിതി. വിക്കറ്റിനായി ഇന്ത്യയും റണ്ണിനായി ഇംഗ്ലണ്ടും പൊരുതിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ മനോഹരമായ മത്സരങ്ങളിലൊന്നായിരുന്നു ഓവലിൽ കണ്ടത്. ഒടുവിൽ ആറ് റൺസിന്റെ വിജയം ഇന്ത്യക്ക് സ്വന്തം. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 376 റൺസിന് ഓൾ ഔട്ട് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയുടെയും പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് 6ന് 339 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. ജയിക്കാൻ അവർക്ക് വേണ്ടിയിരുന്നത് വെറും 35 റൺസ് മാത്രം. ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് നാല് വിക്കറ്റും സ്‌കോർ 347ൽ സിറാജ് സ്‌ട്രൈക്ക് ചെയ്തു. ഓഫ് സ്റ്റമ്പിന് പുറത്ത് പോയ പന്തിലേക്ക് ബാറ്റ് നീക്കിയ ജെയ്മി സ്മിത്തിന് പിഴച്ചു. ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കയ്യിലേക്ക്. സ്‌കോർ 354ൽ സിറാജ് വീണ്ടും രക്ഷകന്റെ റോൾ അണിഞ്ഞു. ജെയ്മി ഓവർട്ടൺ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത് ജോഷ് ടങ്കിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 9ന് 355 റൺസ് എന്ന നിലയിലേക്ക് വീണു. പരുക്കേറ്റ ക്രിസ് വോക്‌സ് ഒരു കൈ കെട്ടിവെച്ച് ബാറ്റുമായി ക്രീസിലേക്ക്. ജയത്തിന് അപ്പോൾ വേണ്ടത് 19 റൺസ് മാത്രം. സിറാജിനെ സിക്‌സർ പറത്തിയും അവസാന പന്തുകളിൽ സിംഗിൾ എടുത്തും ഗസ് അറ്റ്കിൻസൺ ഇന്ത്യൻ കളിക്കാരുടെയും ആരാധകരുടെയും ചങ്കിടിപ്പേറ്റി. എന്നാൽ സ്‌കോർ 367ൽ അറ്റ്കിറ്റ്‌സണിന്റെ കുറ്റി പറിച്ച് സിറാജ് ഇംഗ്ലണ്ടിന് അവസാന ആണിയും അടിച്ചു. ഇന്ത്യക്ക് ആറ് റൺസിന്റെ അവിശ്വസനീയ ജയം