അപരാജിത മുംബൈ: ഐപിഎല്ലിൽ അഞ്ചാം കിരീടം, ഡൽഹിയെ തകർത്തത് 5 വിക്കറ്റിന്

ഐപിഎൽ 2020 സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. കലാശപ്പോരിൽ ഡൽഹിയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മുംബൈ കിരീട നേട്ടം
 

ഐപിഎൽ 2020 സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. കലാശപ്പോരിൽ ഡൽഹിയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മുംബൈ കിരീട നേട്ടം ആഘോഷിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ അഞ്ചാം കിരീട നേട്ടവും

ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അനായസമായി തന്നെ മുംബൈ മറികടന്നു. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമ മുംബൈയെ വിജയത്തിലേക്ക് നയിച്ചു. വിജയലക്ഷ്യം 18.4 ഓവറിൽ മുംബൈ മറികടന്നു. തുടക്കത്തിലെ ആക്രമിച്ചാണ് മുംബൈ തുടങ്ങിയത്. സ്‌കോർ 45ൽ നിൽക്കെ അവർക്ക് ഓപണർ ക്വിന്റൺ ഡികോക്കിനെ നഷ്ടപ്പെട്ടു. 12 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 20 റൺസാണ് ഡികോക്ക് എടുത്തത്.

90ൽ സൂര്യകുമാർ യാദവും പുറത്തായി. പിന്നീട് രോഹിതും ഇഷാൻ കിഷനും ചേർന്നുള്ള സഖ്യം മുംബൈയെ സ്‌കോർ 137 വരെ എത്തിച്ചു. 51 പന്തിൽ നാല് സിക്‌സും 5 ഫോറും സഹിതം 65 റൺസെടുത്ത രോഹിതിനെ നോർക്കിയ പുറത്താക്കി. പിന്നാലെ എത്തിയ പൊള്ളാർഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 9 റൺസുമായി പൊള്ളാർഡ് മടങ്ങി.

സ്‌കോര്‍ 156ല്‍ 3 റണ്‍സെടുത്ത ഹാര്‍ദികും പുറത്തായി. 32 റണ്‍സുമായി പുറത്താകാതെ നിന്ന ഇഷാന്‍ കിഷനും ഒരു റണ്‍സുമായി നിന്ന കൃനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ വിജയ തീരത്ത് എത്തിച്ചത്. ഡല്‍ഹിക്കായി റബാദ, നോര്‍ക്കിയ, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഡൽഹി 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് എടുത്തത്. ഡൽഹിക്കായി നായകൻ ശ്രേയസ്സ് അയ്യരും റിഷഭ് പന്തും അർധ സെഞ്ച്വറി തികച്ചു. പന്ത്

തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം. നാല് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ മാർകസ് സ്റ്റോയിനിസിനെ ഡൽഹിക്ക് നഷ്ടപ്പെട്ടു. സ്‌കോർ 16ൽ നിൽക്കെ രണ്ട് റൺസെടുത്ത രഹാനെയും പുറത്തായി. 22ൽ 15 റൺസെടുത്ത ശിഖർ ധവാനും പുറത്തായതോടെ ഡൽഹി സമ്മർദത്തിലേക്ക് വീണു.

ധവാൻ 15 റൺസിന് പുറത്തായതോടെ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് കെ എൽ രാഹുൽ സുരക്ഷിതമാക്കി. പന്തും ശ്രേയസ്സ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ടാണ് ഡൽഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോർ 118ൽ നിൽക്കെ 38 പന്തിൽ 56 റൺസെടുത്ത പന്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്സും സഹിതമാണ് പന്ത് 56 റൺസെടുത്തത്. താരത്തിന്റെ സീസണിലെ ആദ്യ അർധ ശതകമാണിത്. ഇതുവരെയുള്ള വിമർശനങ്ങൾക്ക് കലാശപ്പോരിലെ അർധ ശതകത്തിലൂടെ പന്ത് മറുപടി നൽകുകയും ചെയ്തു

പന്തിന് പിന്നാലെ ക്രീസിലെത്തിയ ഹേറ്റ്മേയർക്ക് ഒന്നും ചെയ്യാനായില്ല. 5 റൺസെടുത്ത ഹേറ്റ്മെയറെ ബോൾട്ട് പുറത്താക്കി. ഇതോടെ സ്‌കോറിംഗ് വേഗത കുറഞ്ഞു. സ്‌കോർ 149ൽ 9 റൺസെടുത്ത അക്സർ പട്ടേലും പുറത്തായി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ശ്രേയസ്സ് അയ്യർ 50 പന്തിൽ 65 റൺസുമായി പുറത്താകാതെ നിന്നു. ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് ശ്രേയസ്സ് 65 റൺസ് എടുത്തത്.