{"vars":{"id": "89527:4990"}}

രഞ്ജി ട്രോഫി: കേരളത്തിന് 363 റണ്‍സ് വിജയ ലക്ഷ്യം

 
തോല്‍ക്കുമെന്ന് ഉറപ്പായ അവസ്ഥയില്‍ നിന്ന് കളി തിരിച്ചുപിടിച്ച് മധ്യപ്രദേശ്. കേരളത്തിനെതിരായ രഞ്ജി ട്രോഫി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കളി തിരിച്ചുപിടിച്ച് മധ്യപ്രദേശിന്റെ മികച്ച പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍ 160 റണ്‍സിന് പുറത്തായ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സിന് ഡിക്ലൈര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എടുത്തു. 363 റണ്‍സിന്റെ വിജലക്ഷ്യവുമായി ക്രീസിലിറങ്ങിയ സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള കേരളത്തിന് ഇനി 77.1 ഓവറില്‍ 335 റണ്‍സ് എടുക്കണം. ഗ്രൂപ് സിയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് സമനിലയെങ്കിലും നേടല്‍ അനിവാര്യമാണ്. എന്നാല്‍, കേരളത്തെ തോല്‍പ്പിക്കുന്നതില്‍ കുറഞ്ഞ ലക്ഷ്യമൊന്നും മധ്യപ്രദേശിനില്ല. ആറാം സ്ഥാനത്തുള്ള മധ്യപ്രദേശിന് കേരളത്തിനെതിരെ വിജയം നേടിയാല്‍ പോയിന്റ് പട്ടികയില്‍ മുന്നേറാനും ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാനുമാകും. അതുകൊണ്ട് തന്നെ കേരളം സമനില പിടിക്കാനുള്ള ശ്രമമാകും നടത്തുക. വിക്കറ്റ് വീഴാതെ ക്രീസില്‍ ഉറച്ചു നിന്നാല്‍ കേരളത്തിന് സമനില സുനിശ്ചിതമാണ്. എന്നാല്‍, ഇനിയുള്ള 77.1 ഓവറില്‍ വിജയിക്കാനാവുന്ന റണ്‍സ് മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. രണ്ടാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശിന് വേണ്ടി രാജാട് പാടിദാര്‍ 92 റണ്‍സ്, വെങ്കിടേഷ് അയ്യര്‍ 80, ക്യാപ്റ്റന്‍ ശുഭം ശര്‍മ 54 എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന രണ്ട് വിക്കറ്റും എം ഡി നിധീഷ്, ആദിഥ്യ സര്‍വതെ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.