കിംഗ് കോഹ്ലി: അഹമ്മദാബാദിൽ കോഹ്ലിക്ക് സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയിൽ
 

 

അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. 2019ന് ശേഷം കോഹ്ലി ടെസ്റ്റിൽ നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. 2019 നവംബറിലാണ് ഇതിന് മുമ്പ് കോഹ്ലി ടെസ്റ്റിൽ സെഞ്ച്വറി നേടിയത്. അഹമ്മദാബാദിൽ നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ ശക്തമായ നിലയിലാണ്. 5 വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ

3ന് 289 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 309ൽ നിൽക്കെ ഇന്ത്യക്ക് 28 റൺസെടുത്ത രവീന്ദ്ര ജഡേജയെ നഷ്ടമായി. ജഡേജ പുറത്തായതോടെ കോഹ്ലി അമിത പ്രതിരോധത്തിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. മറുവശത്താകട്ടെ ശ്രീകർ ഭരത് മോശം പന്തുകൾ ശിക്ഷിച്ച് പതിയെ സ്‌കോർ ഉയർത്തുകയും ചെയ്തു

ലഞ്ചിന് ശേഷം സ്‌കോർ 393ലാണ് ശ്രീകർ ഭരത് പുറത്താകുന്നത്. 2 ഫോറും മൂന്ന് സിക്‌സും സഹിതം 44 റൺസാണ് ഭരത് എടുത്തത്. ഭരത് പുറത്തായതിന് പിന്നാലെ കോഹ്ലി തന്റെ ശതകം തികയ്ക്കുകയും ചെയ്തു. 241 പന്തിൽ അഞ്ച് ഫോറുകൾ സഹിതമാണ് കോഹ്ലി സെഞ്ച്വറിയിലേക്ക് എത്തിയത്. നിലവിൽ 100 റൺസുമായി കോഹ്ലിയും അഞ്ച് റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ. ഇന്ത്യ ഇപ്പോഴും ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 80 റൺസ് പിന്നിലാണ്.