{"vars":{"id": "89527:4990"}}

എംബാപ്പെയുടെ ഇരട്ട ഗോൾ; സെനഗലിനെ തകർത്ത് ഫ്രാൻസ്: വൈറലായി 'ജെയിംസ് കോർഡൻ' സെലിബ്രേഷൻ

 

ന്യൂയോർക്ക്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിലാണ് ഫ്രാൻസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഗോൾ നേടിയ ശേഷം ഹോളിവുഡ് അവതാരകൻ ജെയിംസ് കോർഡന് നൽകിയ വാക്ക് പാലിച്ച് എംബാപ്പെ നടത്തിയ 'ഫ്ലൂട്ട്' (പുല്ലാങ്കുഴൽ) സെലിബ്രേഷൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

​മത്സരത്തിന്റെ 66, 90 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 82-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയും ഫ്രാൻസിനായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ ഇബ്രാഹിം എംബായെയാണ് സെനഗലിന്റെ ആശ്വാസ ഗോൾ നേടിയത്.

​ഫൊക്സ് സ്പോർട്സ് അഭിമുഖത്തിനിടെ, സെനഗലിനെതിരെ ഗോൾ നേടിയാൽ പുല്ലാങ്കുഴൽ വായിക്കുന്ന രീതിയിൽ ആഘോഷിക്കാമെന്ന് ജെയിംസ് കോർഡന് എംബാപ്പെ ഉറപ്പുനൽകിയിരുന്നു. മൈതാനത്ത് ഗോൾ വേട്ടയ്ക്ക് പിന്നാലെ ഈ പ്രത്യേക ഡാൻസ് സ്റ്റെപ്പിലൂടെ താരം ആ വാക്ക് പാലിക്കുകയായിരുന്നു.