മെസ്സി മാജിക്; ഹാട്രിക്കോടെ അർജന്റീനയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം: അൾജീരിയയെ തകർത്തു
കാൻസാസ് സിറ്റി: ലയണൽ മെസ്സിയുടെ മാന്ത്രിക ഹാട്രിക് മികവിൽ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. ഗ്രൂപ്പ് ജെ-യിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യന്മാർ അൾജീരിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
ഈ ചരിത്ര ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം എത്താനും മെസ്സിക്ക് സാധിച്ചു. തന്റെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന അർജന്റീന നായകന്റെ ആദ്യ ലോകകപ്പ് ഹാട്രിക് കൂടിയാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന അർജന്റീന, 17-ാം മിനിറ്റിൽ മെസ്സിയിലൂടെ ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് രണ്ടാം പകുതിയിൽ മാക് അലിസ്റ്ററിന്റെ ലോങ് റേഞ്ചർ അൾജീരിയൻ ഗോൾകീപ്പർ തടുത്തത് റീബൗണ്ടിലൂടെ മെസ്സി വലയിലാക്കി. 76-ാം മിനിറ്റിൽ നികോ ഗോൺസാലസിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി തന്റെ ഹാട്രിക് തികച്ചത്. വിജയത്തോടെ അർജന്റീന ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി മുന്നിലെത്തി.