{"vars":{"id": "89527:4990"}}

പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

 

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ. മത്സരം 4.5 ഓവർ എത്തിയപ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

പവർ പ്ലേയിൽ തകർപ്പൻ തുടക്കമാണ് ഇന്ത്യൻ ഓപണർമാർ നൽകിയത്. ഇരുവരും ആക്രമണം അഴിച്ചുവിട്ടപ്പോൾ ബൗണ്ടറികൾ മൈതാനത്തിന്റെ പല ഭാഗത്തേക്കുമായി പാഞ്ഞു. 13 പന്തിൽ ഒരു സിക്‌സും ഒരു ഫോറും സഹിതം 23 റൺസുമായി അഭിഷേക് ശർമയും 16 പന്തിൽ 6 ഫോർ സഹിതം 29 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ

അഭിഷേകിനെ രണ്ട് തവണയാണ് ഓസീസ് ഫീൽഡർമാർ കൈ വിട്ടത്. സ്‌കോർ 5ലും 11 ലും വെച്ച്  ഓസീസ് ഫീൽഡർമാർ ക്യാച്ച് പാഴാക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ഇന്ന് വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഓസീസിന്റെ ശ്രമം