സെഞ്ച്വറിയുമായി ടീമിന് കരുത്തേകി രോഹിത്; നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്
 

 

നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി ടീമിന് കരുത്തേകിയ നായകൻ രോഹിത് ശർമയാണ് ഒടുവിൽ പുറത്തായത്. രോഹിത് 212 പന്തിൽ രണ്ട് സിക്‌സും 15 ഫോറും സഹിതം 120 റൺസെടുത്തു

മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഒരുവശത്ത് പിടിച്ചുനിന്നും മോശം പന്തുകളെ ആക്രമിച്ചും ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു രോഹിത്. 171 പന്തിലാണ് ക്യാപ്റ്റൻ സെഞ്ച്വറി തികച്ചത്. ഒരു വിക്കറ്റിന് 77 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോർ 118ൽ നിൽക്കെ 23 റൺസെടുത്ത അശ്വിനെ നഷ്ടപ്പെട്ടിരുന്നു

നാലാമനായി ക്രീസിലെത്തിയ പൂജാര 7 റൺസിനും വിരാട് കോഹ്ലി 12 റൺസിനും സൂര്യകുമാർ യാദവ് 8 റൺസിനും മടങ്ങിയതോടെ ഇന്ത്യ 5ന് 168 എന്ന നിലയിലായി. പിന്നീട് ഒത്തുചേർന്ന ജഡേജയും രോഹിതും ചേർന്നാണ് സ്‌കോർ 200 കടത്തിയത്. നിലവിൽ 35 റൺസുമായി ജഡേജയും 6 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. ഇന്ത്യക്ക് നിലവിൽ 59 റൺസിന്റെ ലീഡുണ്ട്. 

നാല് വിക്കറ്റുകൾ വീഴ്ത്തിയ ടോഡ് മർഫിയാണ് ഇന്ത്യൻ ബാറ്റിംഗിൽ നാശം വിതച്ചത്. നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റെടുത്തു.