{"vars":{"id": "89527:4990"}}

ആദ്യ മത്സരത്തിൽ തന്നെ കരുത്ത് തെളിയിച്ച് സഞ്ജു; വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി, കേരളത്തിന് ജയം
 

 

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ. ജാർഖണ്ഡിനെതിരായ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടി. ഏകദിന ഫോർമാറ്റിൽ നിന്ന് തുടർച്ചയായി തന്നെ തഴഞ്ഞ സെലക്ടർമാർക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം. 

സഞ്ജുവിന്റെയും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറി നേട്ടത്തിൽ മത്സരം എട്ട് വിക്കറ്റിന് കേരളം വിജയിച്ചു. 95 പന്തിൽ മൂന്ന് സിക്‌സും 9 ഫോറുകളും അകമ്പടിയോടെ സഞ്ജു 101 റൺസാണ് അടിച്ചൂകൂട്ടിയത്. 90 പന്തിലാണ് താരം സെഞ്ച്വറിയിലേക്ക് എത്തിയത്. വിജയ് ഹസാരെ ട്രോഫിയിലെ സഞ്ജുവിന്റെ ആദ്യ മത്സരം ആയിരുന്നുവിത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി കരുത്ത് തെളിയിക്കാനും താരത്തിനായി

78 പന്തിൽ നിന്ന് 124 റൺസാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ സ്വന്തമാക്കിയത്. 11 സിക്‌സും എട്ട് ഫോറും രോഹൻ അടിച്ചൂകൂട്ടി. സഞ്ജുവും രോഹനും ചേർന്നുള്ള ഓപണിംഗ് കൂട്ടുകെട്ടിൽ 212 റൺസാണ് പിറന്നത്. ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം കേരളം 43.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു