വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ തകർത്ത് കേരളം. സഞ്ജു സാംസൺ നയിച്ച കേരളം 15 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾ അണിനിരന്ന മുംബൈയെ തകർക്കാനായത് കേരളാ ടീമിന് ഇരട്ടിമധുരമായി മാറി.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ 19.4 ഓവറിൽ 163 റൺസിന് പുറത്തായി. മുംബൈയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കെഎം ആസിഫാണ് മത്സരം കേരളത്തിന് അനുകൂലമാക്കിയത്. 24 റൺസ് വഴങ്ങിയാണ് ആസിഫ് 5 വിക്കറ്റെടുത്തത്
ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ കേരളത്തിന്റെ സ്‌കോർ ഉയർന്നു. 28 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്താണ് സഞ്ജു പുറത്തായത്. വിഷ്ണു വിനോദ് 43 റൺസും ഷറഫുദ്ദീൻ 35 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ 32 റൺസുമെടുത്തു
മുംബൈക്കായി സർഫറാസ് ഖാൻ അർധ സെഞ്ച്വറി നേടിയെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ല. 40 പന്തിൽ 52 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 32 റൺസിനും അജിങ്ക്യ രഹാനെ 32 റൺസിനും വീണു. സൂര്യകുമാർ യാദവ്, സായ് രാജ് പാട്ടീൽ, ഷാർദൂൽ താക്കൂർ, ഹാർദിക് ടമോർ, ഷംസ് മുലാനി എന്നിവരെ ആസിഫ് പുറത്താക്കി. രഹാനെ, ശിവം ദുബെ എന്നിവരെ വിഘ്‌നേഷ് പുത്തൂരും പുറത്താക്കി