{"vars":{"id": "89527:4990"}}

സൂക്ഷിക്കണം സഞ്ജു; താങ്കള്‍ ഫ്‌ളോപ്പാകുന്നത് കണ്ട് സന്തോഷിക്കുന്നവര്‍ ഒരുപാടുണ്ട്; സ്ഥിരതയില്ലെങ്കില്‍ ചാന്‍സ് പിള്ളേര് കൊണ്ടുപോകും

 
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് കൊണ്ട് മാത്രമായില്ല സഞ്ജു, താങ്കള്‍ അവസരങ്ങള്‍ മുതലാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലെ ടി20 ഓപ്പണര്‍ സ്ഥാനം പിള്ളേര് കൊണ്ടുപോകും. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായ സഞ്ജു അവസാന രണ്ട് കളിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ കുപ്പായം ലക്ഷ്യംവെച്ചും ഐ പി എല്ലിലെ താരലേലം കണ്ടും ക്രീസിലിറങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ സ്ഥിരതയാര്‍ന്ന ഫോം കാഴ്ചവെക്കുകയാണ്. ദുര്‍ബലരായ മേഘാലയയോട് മത്സരിക്കാതെ മാറി നിന്ന സഞ്ജു അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന അഭിപ്രായം ആരാധകര്‍ക്കിടയിലുണ്ട്. മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി മത്സരിക്കുന്ന ഇഷാന്‍ കിഷനും ഹൈദരബാദിന്റെ അഭിഷേക് ശര്‍മയും തിലക് വര്‍മയുമെല്ലാം മിന്നും പ്രകടന കാഴ്ചവെക്കുകയും സഞ്ജു ഓരോ മത്സരങ്ങളില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയും ചെയ്യുന്നത് ആരാധകരെ അന്ധാളിപ്പിലാക്കുന്നുണ്ട്. മുംബൈക്കെതിരായ അവസാന മത്സരത്തില്‍ കേരളത്തിന്റെ യുവതാരങ്ങള്‍ മിന്നും പ്രകടനം കാഴ്ചവെച്ച മത്സരത്തിലും സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും തിലക് വര്‍മയും വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യന്‍ സെലക്ടര്‍മാരേയും ഫ്രാഞ്ചൈസി ഓണര്‍മാരേയും ഞെട്ടിക്കുകയാണ്. ഹൈദരബാദിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഒരുഭാഗത്ത് തിലക് വര്‍മ മിന്നിക്കുമ്പോള്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇഷാന്‍ ജാര്‍ഖണ്ഡിനായി കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ എല്ലാവരേയും വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം നടത്തിയാണ് കളം വിട്ടത്. 23 പന്ത് നേരിട്ട് 77 റണ്‍സോടെയാണ് ഇഷാന്‍ പുറത്താവാതെ നിന്നത്. അഞ്ച് ഫോറും 9 സിക്സും ഉള്‍പ്പെടെയാണ് ഇഷാന്‍ കത്തിക്കയറിയത്. 94 റണ്‍സ് വിജയലക്ഷ്യം വെറും 4.3 ഓവറില്‍ ജാര്‍ഖണ്ഡ് മറികടന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 20ലധികം പന്ത് നേരിട്ട താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് എന്ന റെക്കോഡും ഇഷാന്‍ സ്വന്തം പേരിലാക്കി.