ലോകകപ്പിലെ ഏഴു മത്സരങ്ങളിൽ വാതുവെയ്പ്പും ക്രമക്കേടും നടന്നതായി റിപ്പോർട്ട്; ഫിഫയുടെ വാദങ്ങൾ തള്ളി കോപ്പൻഹേഗൻ ഗ്രൂപ്പ്
ഫുട്ബോൾ ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ അസ്വഭാവികമായ വാതുവെയ്പ്പും ക്രമക്കേടുകളും നടന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കായിക മത്സരങ്ങളിലെ അഴിമതിയും ക്രമക്കേടുകളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര ശൃംഖലയായ 'കോപ്പൻഹേഗൻ ഗ്രൂപ്പ്' ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ലോകകപ്പ് മത്സരങ്ങളിൽ യാതൊരുവിധ വാതുവെയ്പ്പോ കൃത്രിമത്വമോ നടന്നിട്ടില്ലെന്ന് ചൊവ്വാഴ്ച ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവന്നിട്ടില്ലെങ്കിലും കൗൺസിൽ ഓഫ് യൂറോപ്പ് ഇതിന്റെ സംഗ്രഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന കണ്ടെത്തലുകൾ:
ദക്ഷിണാഫ്രിക്ക – മെക്സിക്കോ മത്സരം: മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം തെംബ സ്വാനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അസ്വഭാവികമായ സംഭവമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സ്പെയിൻ – കേപ് വെർദെ മത്സരം: സ്പെയിന് കേപ് വെർദെയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് യു.എസ് ബെറ്റിങ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റിൽ 4.8 മില്യൺ ഡോളറിന്റെ ബെറ്റിങ് നടന്നിരുന്നു. മത്സരത്തിൽ കേപ് വെർദെ സ്പെയിനെ സമനിലയിൽ തളയ്ക്കുകയും ചെയ്തു.
സ്പെയിൻ – സൗദി അറേബ്യ മത്സരം: സ്പെയിൻ 4-0 ന് ജയിച്ച മത്സരത്തിൽ ഫെറാൻ ടോറസ് നേടിയ ഗോൾ ഓഫ്‌സൈഡ് വിധിക്കാൻ വിഡിയോ അസിസ്റ്റന്റ് റഫറി (VAR) മൂന്നര മിനിറ്റോളം സമയമെടുത്തതും അസ്വഭാവികതയായി ചൂണ്ടിക്കാട്ടുന്നു.
യു.എസ് താരം ബലോഗണിന്റെ ചുവപ്പ് കാർഡ്: നോക്കൗട്ട് മത്സരത്തിൽ യു.എസ് താരം ഫോളാരിൻ ബലോഗൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായപ്പോൾ, അടുത്ത മത്സരത്തിൽ താരം കളിക്കുമോ എന്നതിനെച്ചൊല്ലി പോളിമാർക്കറ്റിൽ വൻതോതിൽ വാതുവെയ്പ്പ് നടന്നു. ഫിഫ അച്ചടക്ക സമിതി തീരുമാനമെടുക്കുന്നതിന് മുൻപായിരുന്നു ഇത്. തുടർന്ന് ജൂലൈ 5-ന് ഫിഫ ചുവപ്പ് കാർഡ് ഒഴിവാക്കുകയും ബലോഗൺ ബെൽജിയത്തിനെതിരെ കളിക്കുകയും ചെയ്തു.
ടൂർണമെന്റിൽ ആകെ 14 താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നെങ്കിലും ബലോഗണിന്റെ കാര്യത്തിൽ മാത്രമാണ് ഇത്തരം അപൂർവ്വമായ വാതുവെയ്പ്പ് നടന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.