അനായാസം ടീം ഇന്ത്യ: രണ്ടാം ടെസ്റ്റിലും തകർപ്പൻ വിജയം, ഓസീസിനെ 6 വിക്കറ്റിന് തകർത്തു

 

ഡെൽഹി ടെസ്റ്റിലും ഇന്ത്യക്ക് തകർപ്പൻ ജയം. ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 115 റൺസ് 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നേരത്തെ ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 113 റൺസിന് പുറത്തായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ ഓസീസ് 263 റൺസാണ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 262 റൺസ് എടുത്തിരുന്നു

ഇരു ഇന്നിംഗ്‌സിലുമായി ഓസ്‌ട്രേലിയയുടെ പത്ത് വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഒന്നാമിന്നിംഗ്‌സിൽ മൂന്നും രണ്ടാമിന്നിംഗ്‌സിൽ ഏഴും വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. രണ്ടര ദിവസം കളി അവസാനിക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം. മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷനിൽ തന്നെ ഓസ്‌ട്രേലിയയെ ഇന്ത്യ ഓൾ ഔട്ടാക്കുകയായിരുന്നു

ഒരു റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായി രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 113 റൺസിന് അവർ കൂടാരം കയറി. 43 റൺസെടുത്ത ട്രാവിസ് ഹെഡും 35 റൺസെടുത്ത ലാബുഷെയ്‌നും മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കടന്നത്. ജഡേജ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റെടുത്തു

വിജയലക്ഷ്യമായ 115ലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിലെ കെഎൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. ഒരു റൺസെടുത്ത രാഹുലിനെ ലിയോൺ പുറത്താക്കി. തകർപ്പനടികളുമായി സ്‌കോർ മുന്നോട്ടു കൊണ്ടുപോയ രോഹിത് ശർമ റൺ ഔട്ടാകുകയായിരുന്നു. 20 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 31 റൺസാണ് രോഹിത് എടുത്തത്. കോഹ്ലി 20 റൺസിനും ശ്രേയസ് അയ്യർ 12 റൺസിനും പുറത്തായി

ചേതേശ്വർ പൂജാര 31 റൺസുമായും ശ്രീകർ ഭരത് 22 പന്തിൽ 23 റൺസുമായും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ലിയോൺ രണ്ടും ടോഡ് മർഫി ഒരു വിക്കറ്റുമെടുത്തു.