{"vars":{"id": "89527:4990"}}

വരുന്നു 64 ടീമുകളുടെ ലോകകപ്പ്; 2030-ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ഫിഫ പ്രസിഡന്റ്

 

സൂറിച്ച്: ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയർത്തിയേക്കുമെന്ന് സൂചന നൽകി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. നിലവിലുള്ളതിൽ നിന്ന് 16 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകൾ സജീവമായി നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2030 ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.

​ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലാണ് നടക്കുന്നത്. ഉറുഗ്വേ, പരാഗ്വേ, അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1930-ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങൾ ഓരോ ഉദ്ഘാടന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഭൂരിപക്ഷം മത്സരങ്ങളും മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിലായിരിക്കും നടക്കുക. നേരത്തെ, 2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി ഫിഫ വർദ്ധിപ്പിച്ചിരുന്നു.