{"vars":{"id": "89527:4990"}}

ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
 

 

ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. ബംഗളൂരുവിൽ വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. അന്ന് ടീമിന്റെ ഗോൾ കീപ്പറായിരുന്നു മാനുവൽ

ഏഴ് വർഷം ഇന്ത്യൻ ദേശീയ കുപ്പായത്തിൽ കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യക്കായി ഗോൾവല കാത്തു. 1947 ഒക്ടോബർ 20ന് കണ്ണൂർ ബർണശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്. 12ാം വയസിലാണ് ഹോക്കി കളി ആരംഭിച്ചത്

15ാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവൽ ഹോക്കി താരമായി മാറിയത് സർവീസസ് ക്യാമ്പിൽ നിന്ന് ലഭിച്ച പരിശീലനത്തെ തുടർന്നാണ്. 1972ൽ മ്യൂണിക് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കല മെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾ കീപ്പിംഗ് നിർണായക പങ്ക് വഹിച്ചിരുന്നു.