റൈവൽറി എന്ന് വിളിക്കുന്നത് നിർത്തണം, ഇവിടെ എവിടെയാണ് മത്സരം; പാക്കിസ്ഥാനെ ട്രോളി സൂര്യകുമാർ യാദവ്
ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം എന്നും ആരാധകരുടെ ചങ്കിടിപ്പ് ഏറ്റുന്ന മത്സരമാണ്. കായിക മത്സരമെന്നതിനേക്കാൾ ഇരുരാജ്യങ്ങളുടെ അഭിമാനത്തെ കൂടി ബാധിക്കുന്ന തരത്തിലേക്ക് ഓരോ മത്സരങ്ങളും മാറാറുണ്ട്. ക്രിക്കറ്റിലെ എൽ ക്ലാസികോ എന്ന് ഇന്ത്യ-പാക് മത്സരത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്. എന്നാൽ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന് പിന്നാലെ പാക്കിസ്ഥാനെ സൈലന്റായി ട്രോളി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങലെ ഇനി ചിരവൈരികളുടെ പോരാട്ടം എന്നൊന്നും വിശേഷിപ്പിക്കരുതെന്ന് സൂര്യകുമാർ യാദവ് അഭ്യർഥിച്ചു. മത്സരശേഷം പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സുര്യകുമാർ യാദവിന്റെ ട്രോൾ. ഇന്ത്യയും പാക്കിസ്ഥാനും രാജ്യാന്തര ടി20യിൽ 15 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 12 തവണയും വിജയിച്ചത് ഇന്ത്യയായിരുന്നു
ഇരു ടീമുകളുടെയും നിലവാരത്തിലെ അന്തരം എങ്ങനെയുണ്ട് എന്നായിരുന്നു പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം. സാർ, ഇന്ത്യ-പാക് മത്സരത്തെ റൈവൽറി എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണം എന്ന് സൂര്യ മറുപടി നൽകി. സാർ, മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇവിടെ എന്താണ് മത്സരമുള്ളത്. രണ്ട് ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 എന്നൊക്കെ ആണെങ്കിൽ അതൊരു മത്സരമാണ്. ഇവിടെ 13-1, 12-3 എന്നൊക്കെ ആണെങ്കിൽ ഒരു മത്സരവുമില്ല എന്നായിരുന്നു പുഞ്ചിരിയോടെയുള്ള സൂര്യകുമാറിന്റെ മറുപടി.