വോട്ടർ കാർഡുമായി ആധാർ ബന്ധിപ്പിക്കാനൊരുങ്ങുന്നു; നിർദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇരട്ട വോട്ടുകൾ ഒഴിവാക്കി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ്
 

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇരട്ട വോട്ടുകൾ ഒഴിവാക്കി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആധാരും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങുന്നത്.

ആധാർ നിർബന്ധമാക്കരുതെന്ന് 2015ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് മുമ്പ് ഇത്തരമൊരു നിർദേശം മരവിപ്പിച്ചത്. തുടർന്ന് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചു. സുപ്രീം കോടതി വിധിയുള്ളതിനാൽ നിയമ നിർമാണത്തിലൂടെയല്ലാതെ ആധാർ നമ്പർ വ്യക്തികളിൽ നിന്ന് നിർബന്ധപൂർവം ആവശ്യപ്പെടാനാകില്ല

പുതിയതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിനായാണ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നത്. 2011 സെൻസസ് പ്രകാരം 121.09 കോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. 123 കോടിയോളം പേർക്ക് ഇതുവരെ ആധാർ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 35 കോടിയും 18 വയസ്സിൽ താഴെയുള്ളവരാണ്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 90 കോടി വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. ജനസംഖ്യ നിലവിൽ 133 കോടിയെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. ഇതുപ്രകാരം 10 കോടിയോളം ജനങ്ങൾ ഇനിയും ആധാർ ഇല്ലാത്തവരായുണ്ട്.