പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന യോഗി സർക്കാർ; ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത് 10 പേർ, 21 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കണക്കാണിത്. ബിജ്നോർ, സംഭാൽ, ഫിറോസാബാദ്, മീററ്റ്
 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കണക്കാണിത്.

ബിജ്‌നോർ, സംഭാൽ, ഫിറോസാബാദ്, മീററ്റ് എന്നിവിടങ്ങളിലായി രണ്ട് പേർ വീതവും കാൺപൂർ, വാരണാസി എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം വരെ ആറ് പേർ കൊല്ലപ്പെട്ടതായാണ് പോലീസ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ പരുക്കേറ്റവരിൽ നാല് പേർ കൂടി രാത്രിയോടെ മരിക്കുകയായിരുന്നു

അതേസമയം മരണമൊന്നും പോലീസ് വെടിവെപ്പിൽ സംഭവിച്ചതല്ലെന്നാണ് യുപി പോലീസ് അവകാശപ്പെടുന്നത്. പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 21 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ഡൽഹിയിൽ പ്രതിഷേധക്കാരെ യാതൊരു ദയയും കൂടാതെ പോലീസ് അടിച്ചമർത്തിയിരുന്നു. നൂറുകണക്കിനാളുകൾക്കാണ് പോലീസ് അതിക്രമത്തിൽ പരുക്കേറ്റത്. ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് ആയിരങ്ങളെ പ്രക്ഷോഭത്തിൽ അണിനിരത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ മൂന്നരയോടെയാണ് ആസാദിനെ അറസ്റ്റ് ചെയ്തത്