ഒറ്റ ദിവസം 9,983 കൊവിഡ് കേസുകൾ, 206 മരണം; രാജ്യത്തെ കൊവിഡ് കേസുകൾ രണ്ടര ലക്ഷം പിന്നിട്ടു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,983 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ്
 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,983 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറ്റവുമുയർന്ന നിരക്കാണിത്.

തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9000 കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,56,611 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ 206 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ആകെ മരണങ്ങൾ 7135 ആയി ഉയർന്നു.

1,25,381 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 1,24,094 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. 85975 പേർക്കാണ് സംസ്ഥാനത്ത് മാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3060 പേർ മരിച്ചു. നിലവിൽ 43591 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത്.

31667 കേസുകളുമായി രോഗബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാട് രണ്ടാം സ്ഥാനത്താണ്. 269 പേർ തമിഴ്‌നാട്ടിൽ മരിച്ചു. ഡൽഹിയിൽ 27654 പേർക്കും ഗുജറാത്തിൽ 20070 പേർക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചു.