കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കൊവിഡ്; കടുത്ത ആശങ്ക

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം
 

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ കരകുളം സ്വദേശിക്ക് നേരത്തെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളുടെ പട്ടിക ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും.

ട്രിപ്പിൾ ലോക്ക് ഡൗണിലാണ് തിരുവനന്തപുരത്ത് കീം പരീക്ഷ നടന്നത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വിദ്യാർഥികളും രക്ഷിതാക്കളും തടിച്ചുകൂടി നിന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക വർധിപ്പിച്ച് രണ്ട് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്തയും വരുന്നത്.

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ജില്ലയിൽ രണ്ടായിരത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തെ രോഗികളിൽ ഏറെയും സമ്പർക്ക രോഗികളാണ്.