കൊവിഡ് രോഗികളോട് ആശുപത്രികൾക്ക് അലംഭാവം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊവിഡ് രോഗികളെ നിരുത്തരവാദപരമായി പരിചരിക്കുന്നതിൽ രൂക്ഷമായ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാലിന്യ കൂമ്പാരത്തിൽ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യമാണ്. ഡൽഹിയിൽ മൃതദേഹങ്ങൾ
 

കൊവിഡ് രോഗികളെ നിരുത്തരവാദപരമായി പരിചരിക്കുന്നതിൽ രൂക്ഷമായ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാലിന്യ കൂമ്പാരത്തിൽ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യമാണ്. ഡൽഹിയിൽ മൃതദേഹങ്ങൾ ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുന്ന സാഹചര്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി

കൊവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ സ്ഥിതി ദയനീയമാണെന്നും കോടതി നിരീക്ഷിച്ചു

ആശുപത്രിയിൽ പ്രവേശനത്തിനായി രോഗികൾ പരക്കം പായുകയാണ്. ചില ആശുപത്രികളിൽ കിടക്ക ഒഴിഞ്ഞുകിടന്നിട്ടും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കൊവിഡിനെ തുടർന്നുള്ള സ്ഥിതി ഡൽഹിയിൽ അതിരൂക്ഷമാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി

ഡൽഹിയിൽ പരിശോധന കുറവായത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. ആളുകൾ പരിശോധനക്കായി ലാബുകൾക്ക് മുന്നിലും ആശുപത്രികൾക്ക് മുന്നിലും കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും കോടതി നിർദേശിച്ചു.