ജെ എൻ യു വിദ്യാർഥികൾക്ക് പിന്തുണയുമായി ക്യാമ്പസിൽ നേരിട്ടെത്തി ദീപിക പദുക്കോൺ; സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് സംഘ്പരിവാർ

ജെ എൻ യു വിദ്യാർഥികൾക്കെതിരായി നടന്ന ആക്രമണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യം അറിയിച്ച് നേരിട്ടെത്തി ബോളിവുഡ് താരം ദീപിക പദുക്കോൺ. വിദ്യാർഥികളും അധ്യാപകരും സർവകലാശാലക്ക് പുറത്ത് പ്രതിഷേധം
 

ജെ എൻ യു വിദ്യാർഥികൾക്കെതിരായി നടന്ന ആക്രമണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യം അറിയിച്ച് നേരിട്ടെത്തി ബോളിവുഡ് താരം ദീപിക പദുക്കോൺ. വിദ്യാർഥികളും അധ്യാപകരും സർവകലാശാലക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെയാണ് ദീപികയുടെ സന്ദർശനം.

ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെ ദീപിക ജെ എൻ യുവിൽ എത്തിയത്. പതിനഞ്ച് മിനിറ്റ് നേരം വിദ്യാർഥികളുടെ പ്രതിഷേധത്തിൽ പങ്കെടുത്ത ദീപിക നേതാക്കളോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷുമായി ദീപിക സംസാരിച്ചു.

മുൻ വിദ്യാർഥി നേതാവും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കനയ്യകുമാറും ക്യാമ്പസിലുണ്ടായിരുന്നു. വിദ്യാർഥികൾക്കെതിരായ അതിക്രമത്തിൽ കഴിഞ്ഞ ദിവസം ബോളിവുഡ് താരങ്ങൾ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മുംബൈയിലെ ബാന്ദ്രയിൽ തപ്‌സി പന്നു, റിച്ച ചദ്ദ, അനുരാഗ് കശ്യപ്, രാഹുൽ ബോസ്, ദിയ മിർസ, വിശാൽ ഭരദ്വാജ്, സോയ അക്തർ, അനുരാഗ് ബസു തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.

അതേസമയം ദീപിക പദുക്കോണിന്റെ ജെ എൻ യു സന്ദർശനം ബിജെപി ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്. ദീപികയുടെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സൈബർ ടീം സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബിജെപി ഡൽഹി യൂനിറ്റ് നേതാവ് തജീന്ദർ പാൽ സിംഗ് പരസ്യമായി തന്നെ ദീപികയുടെ സിനിമകൾ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്