കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ആവശ്യം; ഇടപെടാനില്ലെന്ന് സുപ്രീം കോടതി

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന്
 

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന് അവകാശമുണ്ടല്ലോയെന്നും കോടതി ചോദിച്ചു

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ഇനി റിപബ്ലിക് ദിനത്തിന്റെ അടുത്ത ദിവസം പരിഗണിക്കും. വിഷയത്തിൽ ഇടപെടുന്നില്ലെന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു.

എഴുതി നൽകിയാൽ ഡൽഹി പോലീസിന്റെ കരങ്ങളെ ശക്തമാക്കുമെന്നായിരുന്നു അറ്റോർണി ജനറൽ പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ ശക്തി തന്നെ മതിയാകുമെന്നായിരുന്നു കോടതിയുടെ മറുപടി. വാക്കാൽ പരാമർശം മാത്രമാണ് കോടതി നടത്തിയത്.