സ്വര്‍ണ്ണക്കടത്ത് കേസ്: നാല് പേരെ കൂടി എൻഐഎ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റു ചെയ്തു. മുഹമ്മദ് അൻവർ ടിഎം, ഹംസത്ത് അബ്ദുൾ സലാം, സംജു ടിഎം, ഹംജാദ്
 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റു ചെയ്തു. മുഹമ്മദ് അൻവർ ടിഎം, ഹംസത്ത് അബ്ദുൾ സലാം, സംജു ടിഎം, ഹംജാദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ പിടിയിലായവരിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കള്ളക്കടത്തിന് പണം മുടക്കിയവരാണ് ഇവരെന്നാണ് വിവരം. ആറ് ഇടങ്ങളിൽ എൻഐഎ പരിശോധന നടന്നു. കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

അതിനിടെ കേസിൽ സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കടുത്ത പ്രതിരോധത്തിലായി എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കോടതിയിൽ റിപ്പോർട് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്ന സുരേഷിന് കാര്യമായ സ്വാധീനമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ 20 മണിക്കൂർ ചോദ്യം ചെയ്തതായും എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു.

മുഖ്യ ഇടനിലക്കാരായ സ്വപ്ന സുരേഷ്, സരിത് , സന്ദീപ് നായ‍ർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിശദാംശങ്ങളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചത്. ഇഡിയുടെ ആവശ്യപ്രകാരം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. എന്നാൽ എം ശിവശങ്കറെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. മൂന്നു ദിവസമായി 20 മണിക്കൂറാണ് ചോദ്യം ചെയ്തത്. വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതിനിടെ കളളക്കടത്തിന്‍റെ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ പ്രതി ചേർക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനിച്ചു