സ്വർണക്കടത്ത് കേസിൽ തമിഴ്‌നാട്ടിൽ മൂന്ന് പേർ പിടിയിൽ; കേസിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ തമിഴ്നാട്ടിൽ മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ച മൂന്ന് പേരാണ് പിടിയിലായത്.
 

തിരുവനന്തപുരം നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ തമിഴ്‌നാട്ടിൽ മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ച മൂന്ന് പേരാണ് പിടിയിലായത്. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണം വിൽക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള വ്യാപാരികളുമായി ഈ മൂന്ന് ഏജന്റുമാർ ബന്ധപ്പെട്ടുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വർണക്കടകളിൽ എൻ ഐ എ സംഘം പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. എൻഐഎ ഡിഐജി ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തി കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

തമിഴ്‌നാട്ടിൽ അനധികൃത സ്വർണക്കടത്തുമായി പിടിയിലായവരുടെ വിവരം തേടുകയാണ് ലക്ഷ്യം. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ചെന്നൈയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.