തെക്കൻ ജില്ലകളിലും മഴ ശക്തമാകുന്നു; വ്യാപക നാശനഷ്ടം, ഗതാഗതം മിക്കയിടങ്ങളിലും തടസ്സപ്പെട്ടു

സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മഴ കനക്കുന്നു. വടക്കൻ ജില്ലകളിൽ ഏതാനും ദിവസമായി തുടരുന്ന മഴയ്ക്ക് പിന്നാലെ തെക്കൻ ജില്ലകളിലും മഴ ശക്തമാകുകയാണ്. ഇതോടെ പ്രളയഭീതിയും ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന
 

സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മഴ കനക്കുന്നു. വടക്കൻ ജില്ലകളിൽ ഏതാനും ദിവസമായി തുടരുന്ന മഴയ്ക്ക് പിന്നാലെ തെക്കൻ ജില്ലകളിലും മഴ ശക്തമാകുകയാണ്. ഇതോടെ പ്രളയഭീതിയും ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ 24 മണിക്കൂറിൽ നല്ല മഴ ലഭിച്ചിരുന്നു. അതിശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്

അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ ശക്തമായതോടെ മൂന്നാർ ഹെഡ് വർക്‌സ് ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടായി

ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. പത്തനംതിട്ട മണിയാർ ഡാമിലെ അഞ്ച് ഷട്ടറുകളും 50 സെന്റിമീറ്റർ വീതം ഉയർത്തി. കക്കാട്ടാറിൽ ഒരു മീറ്റർ വരെയും പമ്പയാറിൽ 80 സെന്റിമീറ്റർ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

കൊല്ലത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. അഞ്ചൽ, കൊട്ടാരക്കര, കുളത്തൂപ്പുഴ, തെന്മല മേഖലകളിൽ കൃഷിനാശവും വ്യാപകമായി സംഭവിച്ചു. വിവിധയിടങ്ങളിൽ മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു

നെടുമങ്ങാട് മരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രികൻ മരിച്ചു. കെഎസ്ഇബി ജീവനക്കാരനായ അജയനാണ് മരിച്ചത്. വെഞ്ഞാറുമൂട് ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകി. സംസ്ഥാന പാതയിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു.