ഇസ്ലാമിക തീവ്രവാദം എന്ന് ഉദ്ദേശിച്ചത് എൻ ഡി എഫിനെയും പോപുലർ ഫ്രണ്ടിനെയും; വിമർശനങ്ങൾക്ക് മറുപടിയുമായി പി മോഹനൻ

മാവോയിസ്റ്റുകളെ വളർത്തുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇസ്ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്
 

മാവോയിസ്റ്റുകളെ വളർത്തുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇസ്ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത് എൻ ഡി എഫിനെയും പോപുലർ ഫ്രണ്ടിനെയുമാണെന്ന് പി മോഹനൻ പറഞ്ഞു

ഞാൻ വിമർശനത്തിന് വിധേയമാക്കിയത് തീവ്രവാദ സംഘടനകളെയാണ്. മുസ്ലിം തീവ്രവാദ സംഘടനകളെന്ന് പറഞ്ഞാൽ എൻ ഡി എഫും പോപുലർ ഫ്രണ്ടുമാണെന്നാണ് ആർക്കാണ് അറിയാത്തത്. അതെങ്ങനെയാണ് മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകുന്നതെന്നും പി മോഹൻ ചോദിച്ചു

മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷം വരുന്ന ജനപിന്തുണയുള്ള സാമുദായിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. തീവ്രവാദത്തെ ശക്തമായി എതിർക്കുന്ന നിലപാടാണ് അവരെല്ലാം സ്വീകരിക്കുന്നത്. ലീഗിനെ പോലുള്ളവർ ഒളിഞ്ഞും തെളിഞ്ഞും അതിനെ ഉപയോഗിക്കുന്നതും കണ്ടിട്ടുള്ളതാണ്.

ഹിന്ദുത്വ തീവ്രവാദം എന്ന് ഉപയോഗിക്കാറുണ്ട്. അത് രാജ്യത്തെ കോടാനുകോടി ഹിന്ദുക്കൾക്കും ബാധകമാണോ. അത് ആർ എസ് എസിനും മറ്റും മാത്രമാണ് ബാധകമാകുന്നത്. അതുപോലെ തന്നെ ഇസ്ലാമിക തീവ്രവാദം എന്നുള്ളതുകൊണ്ട് വളരെ കൃത്യമായി ഉദ്ദേശിക്കുന്നത് എൻ ഡി എഫിനെയും പോപുലർ ഫ്രണ്ടിനെയുമാണ്.

മുസ്ലീം ലീഗ് നേതൃത്വം എന്റെ പ്രസംഗത്തിലെ പരാമർശം എടുത്ത് ഉപയോഗിക്കുകയാണ്. മാവോയിസ്റ്റുകളുടെ നിലപാട് തന്നെയാണോ മുസ്ലീം ലീഗിനുള്ളത്. എന്നാൽ അത് തുറന്ന് വ്യക്തമാക്കട്ടെ. എൻ ഡി എഫിനെ എന്തിനാണ് അവർ ന്യായീകരിക്കുന്നത്. എൻ ഡി എഫിന് മാവോയിസ്റ്റുകളോടുള്ള നിലപാട് തന്നെയാണോ മുസ്ലീം ലീഗിനുമുള്ളതെന്നും പി മോഹനൻ ചോദിച്ചു.