ജെ എൻ യുവിലെ മുഖംമൂടി ആക്രമണം: അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച്, എന്നിട്ടും അറസ്റ്റില്ല

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവത്തിൽ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്
 

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവത്തിൽ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം ഡൽഹി പോലീസും പറഞ്ഞിരുന്നു. ജനുവരി 5ന് നടന്ന ആക്രമണം നടന്ന് ദിവസം അഞ്ച് കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചു കളിക്കുകയാണ്.

ജെ എൻ യുവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ചർച്ചകൾ നടക്കും. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വൈസ് ചാൻസലർ ജഗദീഷ് കുമാറുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുമായുള്ള ചർച്ചയും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ വിദ്യാർഥി യൂനിയൻ പ്രവർത്തകരുമായി മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിസിയെ മാറ്റണമെന്ന നിർദേശം മന്ത്രാലയം അംഗീകരിക്കാത്തതിനെ തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിനെ പോലീസ് ക്രൂരമായി നേരിടുകയും ചെയ്തു

വി സിയെ മാറ്റുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥി യൂനിയൻ. ഇന്ന് സമരം പൂർവാധികം ശക്തിയോടെ പുനരാരംഭിക്കുകമെന്നാണ് യൂനിയൻ നേതാക്കൾ അറിയിച്ചത്.