കോൺഗ്രസിനെ വെട്ടിലാക്കി മുതിർന്ന നേതാക്കളുടെ കത്ത്; മുഴുവൻ സമയ നേതൃത്വം വേണമെന്നും ആവശ്യം

പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ
 

പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ അടക്കം 23 പേരാണ് സോണിയ ഗാന്ധിക്ക് കത്തയച്ചിരിക്കുന്ത്.

നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും കത്തിലുണ്ട്. രണ്ടാഴ്ച മുമ്പാണ് കത്ത് അയച്ചതെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടിക്ക് മുഴുവൻ സമയ നേതൃത്വമുണ്ടാകണം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം നാളെ ചേരാനിരിക്കെയാണ് കത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, മനീഷ് തീവാരി, മുകുൾ വാസ്‌നിക്, ഭൂപേന്ദ്രസിംഗ് ഹൂഡ, പിജെ കുര്യൻ, വീരപ്പ മൊയ്‌ലി, അജയ് സിംഗ്, രേണുക ചൗധരി, അഖിലേഷ് സിംഗ്, കുൽദീപ് ശർമ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചിട്ടുള്ളത്.

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ കോൺഗ്രസിന്റെ പ്രതികരണം നിരാശാജനകമാണെന്ന് നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം. അടിത്തട്ട് മുതൽ എല്ലാ കമ്മിറ്റികളിലും തെരഞ്ഞെടുപ്പ് കൊണ്ടുവരണം. പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക്, പ്രവർത്തകരുടെ ധാർമികത നഷ്ടപ്പെടൽ തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.