ഇന്ത്യൻ എംബസി കയ്യൊഴിഞ്ഞു; നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും

നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയതോടെയാണ് സംസ്ഥാന
 

നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയതോടെയാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയും നോർക്ക വഴി പണം നൽകാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. നോർക്ക സിഇഒ ഡൽഹിയിലെ നോർക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി പത്ത് ലക്ഷം രൂപയാണ് എയർ ഇന്ത്യ ആവശ്യപ്പെട്ടത്. കേന്ദ്രം നിർദേശം നൽകാത്തതിനാൽ സാമ്പത്തിക സഹായം നൽകാനാകില്ലെന്നായിരുന്നു ഇന്ത്യൻ എംബസി അറിയിച്ചത്. തുടർന്നാണ് കേരള സർക്കാർ ഇടപെട്ടത്.

പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ നാളെ വൈകുന്നേരം 6.50ന് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ മറ്റന്നാൾ രാവിലെ കോഴിക്കോട് എത്തിക്കും.