മരട് ഫ്‌ളാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി; ഹോളി ഫെയ്ത്തിന്റെ 18 കോടി മരവിപ്പിച്ചു

മരടിലെ വിവാദ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ക്രൈംബ്രാഞ്ച് ആരംഭിച്ചു. നാല് നിർമാതാക്കളുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടും. ഹോളി ഫെയ്ത്ത് ബിൽഡേഴ്സിന്റെ 18 കോടി
 

മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ക്രൈംബ്രാഞ്ച് ആരംഭിച്ചു. നാല് നിർമാതാക്കളുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടും. ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു.

മരടിലെ ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്ന് ഈടാക്കാം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്.

നാല് നിർമാതാക്കളുടെയും സ്വത്ത്, ആസ്തിവകകളുടെ കണക്കെടുപ്പ് നടത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് നീക്കം. ഇതിന് ശേഷം സ്വത്ത് കണ്ടുകെട്ടി ഇതിൽ നിന്ന് നഷ്ടപരിഹാരം നൽകും. ഇന്നലെ കൊച്ചിയിൽ ജില്ലാ കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി, ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള സബ് കലക്ടർ സ്‌നേഹിൽ കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ജെയിൻ ബിൽഡേഴ്‌സ്, ആൽഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാതാക്കളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടുന്നത്. ഗോൾഡൻ കായലോരം ഉടമക്ക് എതിരെ സ്വമേധയാ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇവർക്കെതിരെ ആരും പരാതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്.