നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി; ഇനിയുള്ളത് ദയാഹർജി

നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളി. വിനയ് ശർമ, മുകേഷ് സിംഗ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ
 

നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളി. വിനയ് ശർമ, മുകേഷ് സിംഗ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങൾ

ഉച്ചയ്ക്ക് ശേഷം ഹർജികൾ പരിഗണിച്ച കോടതി വളരെ പെട്ടെന്ന് തന്നെ തള്ളാൻ ഉത്തരവിടുകയായിരുന്നു. നേരത്തെ ഡൽഹി പാട്യാല കോടതി പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഉത്തരവ്. തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളിയതോടെ രാഷ്ട്രപതിക്ക് ദയാഹർജി നൽകുക മാത്രമാണ് പ്രതികൾക്ക് മുന്നിലുള്ള പോംവഴി.

2012 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം. ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് ആറ് പ്രതികൾ ചേർന്ന് 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മൃതപ്രായയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. സിംഗപ്പൂരിൽ ചികിത്സക്കിടെയാണ് യുവതി മരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ രാംസിംഗ് തീഹാർ ജയിലിൽ വെച്ച് തൂങ്ങി മരിച്ചിരുന്നു. മറ്റൊരു പ്രതിക്ക് സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. ഇയാൾ 2015ൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു