നിസാമുദ്ദിനീൽ നിന്ന് മടങ്ങിയവരെ കണ്ടെത്താനുള്ള ചുമതല ഡോവലിന്; 4000 പേർ നിരീക്ഷണത്തിൽ

രാജ്യത്തെ കൊവിഡ് 19 ഹോട്ട് സ്പോട്ടായി മാറിയ ഡൽഹി നിസാമുദ്ദീനിലെ മർകസ് ആസ്ഥാനത്ത് കഴിഞ്ഞിരുന്ന 2100 പേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഡൽഹി പോലീസും ആരോഗ്യ
 

രാജ്യത്തെ കൊവിഡ് 19 ഹോട്ട് സ്‌പോട്ടായി മാറിയ ഡൽഹി നിസാമുദ്ദീനിലെ മർകസ് ആസ്ഥാനത്ത് കഴിഞ്ഞിരുന്ന 2100 പേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഡൽഹി പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ഇവരെ മാറ്റിയത്. ഇതിന് പുറമെ 2137 പേർ ഇവിടെ നിന്ന് മടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും നിരീക്ഷണത്തിൽ കഴിയുകയുമാണ്.

മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രസർക്കാർ ഏർപ്പിച്ചു. നിസാമുദ്ദീൻ മർകസിലെ മൗലാനയുമായി ഡോവൽ നേരിട്ടെത്തി സംസാരിച്ചിരുന്നു. ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തിൽ മർകസ് ആസ്ഥാനം അണുനശീകരണം നടത്തുകയും ചെയ്തു

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ച ആറ് പേരും ഇവിടെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയതാണെന്ന് തെളിഞ്ഞതോടെയാണ് നിസാമുദ്ദീൻ ശ്രദ്ധേകേന്ദ്രമായത്. തുടർന്ന് ഇവിടെ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും മടങ്ങിയവർക്ക് രോഗം ബാധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

കെട്ടിടം ഡൽഹി പോലീസ് അടച്ചുപൂട്ടി. പള്ളിയിലെ മൗലാനക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നു മാത്രം 319 പേർ ഇവിടെ സന്ദർശനം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ 140 പേർ ഇതുവരെ സംസ്ഥാനത്തേക്ക് തിരികെ എത്തിയിട്ടില്ല. സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരിൽ 128 പേർക്ക് കൊറോണ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.