തീരം തൊട്ട നിവാറിന്റെ ശക്തി കുറയുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പേമാരി തുടരുന്നു

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കടുത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ട നിവാർ നിലവിൽ ശക്തി കുറഞ്ഞ് തീവ്ര
 

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കടുത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ട നിവാർ നിലവിൽ ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്

അടുത്ത മണിക്കൂറുകളിൽ കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ വിളുപുരം ജില്ലയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ഇവരുടെ മകൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്

ചെന്നൈയിലും പുതുച്ചേരിയിലും അതിശക്തമായ മഴ തുടരുകയാണ്. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് ദുരന്തത്തിന്റെ ആഘാതം കുറച്ചിട്ടുണ്ട്. കൃഷി വ്യാപകമായി തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധം താറുമാറായി.

പുതുച്ചേരിയിൽ ശനിയാഴ്ച വരെയും തമിഴ്‌നാട്ടിൽ ഇന്ന് കൂടിയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂരിന്റെയും പുതുച്ചേരിയുടെയും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ നീങ്ങുന്നത്.

അഞ്ച് ലക്ഷം പേരെയാണ് തീരപ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. 1486 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 4200 ക്യാമ്പുകൾ പ്രവർത്തനസജ്ജമാണ്.