ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ലോക്‌സഭയിൽ പുകഴ്ത്തിയ ബിജെപി എംപി പ്രഗ്യാ സിംഗിനെതിരെ പ്രതിഷേധം രൂക്ഷം; പാർലമെന്ററി കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ ലോക്സഭയിൽ പുകഴ്ത്തി സംസാരിച്ച ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ നിന്ന് പുറത്താക്കി.
 

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ ലോക്‌സഭയിൽ പുകഴ്ത്തി സംസാരിച്ച ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ ബിജെപി അപലപിക്കുന്നതായും നഡ്ഡ പറഞ്ഞു

ഇത്തരം പ്രസ്താവനകളോ ആശയങ്ങളോ ബിജെപി ഒരിക്കലും പിന്തുണക്കില്ല. പ്രഗ്യാ സിംഗിനെ പാർലമെന്ററി കമ്മിറ്റിയിൽ നിന്ന്് പുറത്താക്കാൻ തീരുമാനിച്ചു. കൂടാതെ ഈ സഭാ സമ്മേളനത്തിൽ ബിജെപിയുടെ പാർലമെന്ററി യോഗത്തിൽ അവരെ പങ്കെടുപ്പിക്കില്ലെന്നും നഡ്ഡ പറഞ്ഞു

ഗോഡ്‌സെ ദേശഭക്തനാണ് എന്നായിരുന്നു പ്രഗ്യയയുടെ പ്രസ്താവന. ഡിഎംകെ അംഗം എ രാജ പ്രസംഗിക്കുമ്പോഴാണ് പ്രഗ്യാ സിംഗ് വിവാദ പരാമർശവുമായി രംഗത്തുവന്നത്. മുമ്പും ഗോഡ്‌സെയെ പുകഴ്ത്തി ബിജെപി എംപി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ യാതൊരു നടപടികളും ബിജെപി സ്വീകരിച്ചിട്ടില്ല