ജില്ലക്കുള്ളിൽ പൊതുഗതാഗതം അനുവദിക്കും; സമീപത്തുള്ള അന്തർ ജില്ലാ യാത്രകൾക്ക് പാസ് വേണ്ട

നാലാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലഗതാഗതം ഉൾപ്പെടെ പുനരാരംഭിക്കും. വാഹനത്തിന്റെ സിറ്റിംഗിന്റെ അമ്പത് ശതമാനം യാത്രക്കാരാണ് അനുവദിക്കുക
 
അന്തർ ജില്ലാ തലത്തിൽ പൊതുഗതാഗതം ഈ ഘട്ടത്തിൽ അനുവദിക്കില്ല. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് മണി വരെയാണ് അന്തർ ജില്ലാ യാത്രക്ക് അനുമതിയുള്ളത്. ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയൽ കാർഡ് കരുതണം. എന്നാൽ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാൻ പാസ് ആവശ്യമാണ്.

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ 2 പേർക്കാണ് സഞ്ചരിക്കാനാകുക. കുടുംബമാണെങ്കിൽ 3 പേർക്ക് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാം. ഓട്ടോ റിക്ഷയിൽ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് അനുമതിയുള്ളത്. കുടുംബമാണെങ്കിൽ ഓട്ടോറിക്ഷയിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം. ഇരു ചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കും അനുമതിയുണ്ട്.

ജില്ലക്കുള്ളിൽ ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ ആളുകൾക്ക് സഞ്ചരിക്കാം. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയന്ത്രണം ബാധകമല്ല. ജോലി ആവശ്യങ്ങൾക്കായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാ പാസ് പോലീസ് മേധാവിയിൽ നിന്നോ ജില്ലാ കലക്ടറിൽ നിന്നോ കൈപ്പറ്റണം.