പ്രതിഷേധം കത്തുന്നു: രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു; നൂറോളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം അതിശക്തമാകുന്നു. പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ
 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം അതിശക്തമാകുന്നു. പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പ്രതിഷേധ റാലിക്ക് പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർഥികളെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളി വിദ്യാർഥികൾ അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ മൊയ്‌നാബാദ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർ സഞ്ചരിച്ചിരുന്ന ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു

വിദ്യാർഥികൾ തന്നെ ഏർപ്പാടാക്കിയ ബസ് പോലീസ് തടയുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വിദ്യാർഥികൾ നിലവിൽ പോലീസ് സ്‌റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഹൈദരാബാദിൽ എല്ലാ പ്രതിഷേധങ്ങൾക്കും പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു

ഡൽഹിയിൽ പ്രതിഷേധ റാലികൾക്ക് പോലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധിക്കാനെത്തിയ യോഗേന്ദ്ര യാദവ് അടക്കമുള്ള നിരവധി പേരെ പോലീസ് അറ്‌സറ്റ് ചെയ്തു. ഡൽഹി ചെങ്കോട്ട പരിസരത്ത് പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളെ അടക്കം പുരുഷ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതിനെതിരെയും പ്രതിഷേധമുയരുകയാണ്