പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ കെ ടി ജലീൽ ഇടപെട്ടു: ചെന്നിത്തലയുടെ പുതിയ ആരോപണം എത്തി

മന്ത്രി കെ ടി ജലീലിനെതിരെയും പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകി തോറ്റവരെ ജയിപ്പിക്കാൻ കെ ടി ജലീൽ ഇടപെട്ടുവെന്നാണ്
 

മന്ത്രി കെ ടി ജലീലിനെതിരെയും പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകി തോറ്റവരെ ജയിപ്പിക്കാൻ കെ ടി ജലീൽ ഇടപെട്ടുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നൊക്കെയാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

എം ജി സർവകലാശാലയിലെ എൻജിനീയറിംഗ് വിദ്യാർഥിക്ക് അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അധികൃതർ തള്ളിയപ്പോൾ സിൻഡിക്കേറ്റിൽ അവതരിപ്പിച്ച് മോഡറേഷന് പുറമെ അഞ്ച് മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇതിന് പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതും ഇടപെട്ടതും ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പരീക്ഷാഫലം വന്നതിന് ശേഷം മാർക്ക് കൂട്ടി നൽകാൻ നിയമമില്ലെന്നും മന്ത്രിയും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ചേർന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു

എന്നാൽ ചെന്നിത്തലയുടെ ആരോപണങ്ങളിൽ ഒരു വസ്തുതയുമില്ലെന്ന് ജലീൽ പ്രതികരിച്ചു. ചെന്നിത്തല തെളിവ് കൊണ്ടുവരട്ടെയെന്നും മന്ത്രി പറഞ്ഞു. ഇല്ലാത്ത കാര്യത്തിന് എന്തിനാണ് ജുഡീഷ്യൽ അന്വേഷണമെന്നും മന്ത്രി ചോദിച്ചു