തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുത്, 2019ലെ ഉപയോഗിക്കാമെന്നും ഹൈക്കോടതി ഉത്തരവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ചോദ്യം ചെയ്ത് യു ഡി എഫ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.
 

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ചോദ്യം ചെയ്ത് യു ഡി എഫ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിർദേശം നൽകി

2015ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കൽ വോട്ടർ പട്ടികയിലുൾപ്പെട്ട ഒരാൾ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടണമെങ്കിൽ കൃത്യമായ കാരണങ്ങൾ വേണം. അത്തരത്തിൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വീണ്ടും പേര് ചേർക്കേണ്ട രീതി വോട്ടർമാരോട് ചെയ്യുന്ന നീതി പൂർവമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

നേരത്തെ യുഡിഎഫിന്റെ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. അപ്പീൽ നൽകുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി വിധിക്കനുസരിച്ച് പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വരും