സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച്
 

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഇന്ന് 27 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്താകെ 394 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 147 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. 88,855 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതിൽ 532 പേർ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 16450 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. കാസർകോട് ജില്ലയിൽ മാത്രം ഇന്ന് 24 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നതും രോഗികളുടെ എണ്ണം കുറയുന്നതും സംസ്ഥാനത്തിന് ആശ്വാസകരമാണ്.

അതേ സമയം, സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുനർനിർണയിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം നടത്താനും സർക്കാർ തലത്തിൽ ആലോചനയുണ്ട്. കേന്ദ്രനിർദേശം മറികടക്കാതെ എങ്ങനെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നതാണ് ആലോചിക്കുന്നത്.

ഇരുപത് വരെ കേന്ദ്രം നിർദേശിച്ച പ്രകാരം കടുത്ത നിയന്ത്രണങ്ങൾ തന്നെ സംസ്ഥാനത്ത് ഏർപ്പെടുത്തും. ഇതിന് ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെങ്കിലും ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയില്ല. കേന്ദ്രത്തിന്റെ ഹോട്ട് സ്പോട്ട് തരംതിരിക്കൽ അശാസ്ത്രീയമെന്നാണ് വിലയിരുത്തൽ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപന നിരക്ക് കൂടതലുള്ളത്. അതിനാൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയിലാണ് ഉണ്ടാകേണ്ടത്. അതേസമയം കേന്ദ്രത്തിന്റെ പട്ടികയിൽ കോഴിക്കോട് ഗ്രീൻ സോണിലും ഒരു രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഈ രീതിയിലുള്ള ആശയക്കുഴപ്പം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ദേശീയ തലത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് സംസ്ഥാനത്തെ രോഗവ്യാപന നിരക്കെന്നതും സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.