ഗ്രീൻ സോണിൽ നിന്നും രോഗികളുടെ എണ്ണം 17ലേക്ക് എത്തിയത് ആറ് ദിവസം കൊണ്ട്; കോട്ടയത്ത് ജനം പുറത്തിറങ്ങരുതെന്ന് നിർദേശം

ആറ് ദിവസത്തിനിടെ 17 രോഗികൾ റിപ്പോർട്ട് ചെയ്തതോടെ കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് എത്തിയത് വെറും ആറ്
 

ആറ് ദിവസത്തിനിടെ 17 രോഗികൾ റിപ്പോർട്ട് ചെയ്തതോടെ കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് എത്തിയത് വെറും ആറ് ദിവസം കൊണ്ടാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ജില്ലയിൽ അനുമതിയുള്ളത്.

ജില്ലയിലെ ഏഴ് പഞ്ചായത്തുകളും കോട്ടയം മുൻസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. പോലീസ് പരിശോധന കർശനമാക്കി. അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, പനച്ചിക്കാട്, വിജയപുരം, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ ഏഴ് വാർഡുകളും തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു

മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ തലയോലപ്പറമ്പുമായി അതിർത്തി പങ്കിടുന്ന വാർഡുകളും തീവ്രബാധിത മേഖലയാണ്. സമൂഹവ്യാപനമുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി ദിവസവും ഇരുന്നൂറിലധികം സാമ്പിളുകൾ വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും

19 ദിവസം ഗ്രീൻ സോണിലായിരുന്ന ജില്ലയിൽ കഴിഞ്ഞ 22നാണ് വീണ്ടുമൊരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 27 ാം തീയതിയോടെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു. കോട്ടയം മാർക്കറ്റിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിക്ക് ഉൾപ്പെടെ രോഗം എവിടെ നിന്നാണ് പിടിപ്പെട്ടതെന്ന് കണ്ടെത്താനുമായിട്ടില്ല.