നടപടിയെടുക്കാത്ത കാലത്തോളം അലനും താഹയും പാർട്ടി അംഗങ്ങൾ തന്നെയാണ്: പി മോഹനൻ

പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ ഭാഗം
 

പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ ഭാഗം കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതു കഴിഞ്ഞാൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ ഇവർ പെട്ടു പോയിട്ടുണ്ടോയെന്ന് പറയാൻ സാധിക്കുകയുള്ളുവെന്നും പി മോഹനൻ പറഞ്ഞു

ഇരുവർക്കുമെതിരെ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്തിടത്തോളം കാലം അവർ പാർട്ടി അംഗങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നുവെന്ന പി ജയരാജന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

വിഷയത്തിൽ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാകില്ല. അന്വേഷണം പൂർത്തിയായാലേ ഇക്കാര്യത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാൻ സാധിക്കു. പാർട്ടിക്ക് നടപടി സ്വീകരിക്കണമെങ്കിൽ പാർട്ടിയുടേതായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു