മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈ ശിവജി പാർക്കിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
 

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈ ശിവജി പാർക്കിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാണ് ഉദ്ദവ് താക്കറെ. ശിവസേനയുടെ ചരിത്രത്തിലെ മൂന്നാമത്തെയും. ഇതാദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്നൊരാൾ സംസ്ഥാനത്തിന്റെ അധികാര പദവിയിലേക്ക് എത്തുന്നത്

ഉദ്ദവിനൊപ്പം ആറ് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻ സി പി, ശിവസേന, കോൺഗ്രസ് പാർട്ടികളിൽ നിന്നായി രണ്ട് വീതം പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനക്ക് മുഖ്യമന്ത്രി അടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും നാല് സഹമന്ത്രി സ്ഥാനവും ലഭിക്കും.

എൻസിപിക്ക് 11 കാബിനറ്റ് മന്ത്രിസ്ഥാനവും മൂന്ന് സഹമന്ത്രിമാരെയും ലഭിക്കും. കോൺഗ്രസിന് 13 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കോൺഗ്രസിനും എൻ സി പിക്കും ഉപമുഖ്യമന്ത്രി പദവും ലഭിക്കും. മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ കോൺഗ്രസിന്റെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്.

ശിവജി പാർക്കിലെ പടുകൂറ്റൻ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായിയാണ് 9000 സ്‌ക്വയർ ഫീറ്റും 30 അടി ഉയരവുമുള്ള വേദിയൊരുക്കിയത്.