കൊറോണ വൈറസ്; ആരോഗ്യമന്ത്രി ഭാവി നടപടികൾക്കായി യോഗം ചേർന്നു, രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും

കൊറോണ ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തൃശ്ശൂർ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലാണ് വിദ്യാർത്ഥിനിയെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ
 

കൊറോണ ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തൃശ്ശൂർ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലാണ് വിദ്യാർത്ഥിനിയെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സ്ഥാപിച്ച് വിദ്യാർത്ഥിനിയെ അവിടേക്ക് ഉടൻ മാറ്റും. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്നതിന് എല്ലാ ഒരുക്കുങ്ങളും നടത്തിയതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ ടീമിലേക്ക് കൂടുതൽ അംഗങ്ങളെ എത്തിക്കാനും ഇനി റിപ്പോർട്ട് ചെയ്യുന്ന കേസുകളെ നന്നായി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തൃശ്ശൂരിൽ യോഗം ചേരും. ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തൃശ്ശൂരിലേക്ക് തിരിക്കും. തുടർന്നായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

കൊറോണ വൈറസിൻറെ ലക്ഷണങ്ങൾ
1. പനി, 2. ജലദോഷം, 3. ചുമ, 4. തൊണ്ടവേദന, 5. ശ്വാസതടസ്സം, 6. ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ന്യൂമോണിയ, വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണത്തിന് വരെ ഇവ കാരണമാകാം.

രോഗപ്പകർച്ച: രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

കൊറോണ വൈറസ് ബാധ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സഹായത്തിനുമായി കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ ഹെല്‍‍‍‍‍പ്പ്‍‍‍‍‍ലൈന്‍‍ നമ്പരായ 91-11-23978046 ല്‍ ബന്ധപ്പെടുക. സംശയങ്ങള്‍ ചോദിക്കുന്നതിനും സഹായങ്ങള്‍ ആവശ്യപ്പെടുന്നതിനും യാതൊരു കാലതാമസവും കൂടാതെ ഈ നമ്പര്‍ ഉപയോഗിക്കാം.

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ.