കൊവിഡ് വാർഡിലെ നഴ്‌സ് അപകടത്തിൽ മരിച്ചു

ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്സ് ആയിരുന്ന ആഷിഫ് ആണ്
 

ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്‌സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫ് ആണ് മരിച്ചത്. 23 വയസായിരുന്നു. അവണൂർ- മെഡിക്കൽ കോളജ് റോഡ് വെളപ്പായയിലായിരുന്നു സംഭവം. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മുളങ്കുന്നത്തുകാവിൽ നിന്ന് അവണൂരിലേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിൻചക്രത്തിൽ കയറിപ്പോകുകയായിരുന്നു.

 

ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഭവം നടന്ന ഉടൻ തന്നെ ആഷിഫിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 ദിവസത്തെ ശമ്പളം വാങ്ങാനായി കുന്നങ്കുളത്തേക്ക് തിരിച്ചതായിരുന്നു ആഷിഫ്. രണ്ട് ദിവസമായി അവധിയെടുത്തിരിക്കുകയായിരുന്നു.

മാർച്ച് 16നാണ് താലൂക്ക് ആശുപത്രിയിൽ നഴ്‌സായി ആഷിഫ് സേവനമനുഷ്ഠിച്ചു തുടങ്ങിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച്, സമയക്രമം ശ്രദ്ധിക്കാതെ ജോലി ചെയ്തിരുന്നതിനാൽ സഹപ്രവർത്തകരുടെ എല്ലാം പ്രിയം പിടിച്ചുപറ്റിയിരുന്നു. പിതാവ്: ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദു, മാതാവ് ഷെമീറ. മെഡിക്കൽ കൊളജ് പ്രിൻസിപ്പൽ ഓഫീസ് ജീവനക്കാരിയാണ്. മെഡിക്കൽ കോളജ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. സഹോദരി അജു നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.