നേപ്പാൾ ദുരന്തത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

നേപ്പാളിൽ മരിച്ച എട്ടു മലയാളികളില് അഞ്ച് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽ നിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും
 

നേപ്പാളിൽ മരിച്ച എട്ടു മലയാളികളില് അഞ്ച് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽ നിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി. പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് ഇരുവശവും കൈകോർത്തുപിടിച്ചു.മൂന്ന് എയർപോർട്ട് കാർഗോ വാഹനങ്ങളിൽ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങൾ പുറത്തേക്ക്. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല. സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയിയത്.

മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെ നിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി. മേയർ കെ.ശ്രീകുമാർ,എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.

തുടർന്ന് ആംബുലൻസുകളിൽ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് ഇന്ന് രാവിലെ 7ന് മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി. രാവിലെ അഞ്ച് മൊബൈൽ മോർച്ചറികളിലായിട്ടാകും മൃതദേഹങ്ങൾ ചേങ്കോട്ടുകോണം അയ്യൻകോയിക്കലിലെ വീട്ടിലെത്തിക്കുക.

മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ ഇന്നു നോവുള്ള കാഴ്ചയാകും. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകൾ ചെയ്യുന്നതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ്. രാവിലെ ഒൻപതിനാണു സംസ്‌കാരം. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്‌കരിക്കും; ഇരുവശത്തും അച്ഛനമ്മമാർക്കു ചിതയൊരുക്കും