മഹാരാഷ്ട്രയിൽ ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഭയന്ന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റും

മഹാരാഷ്ട്രയിലെ കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസും. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റുക. എല്ലാ എംഎൽഎമാരോടും അടിയന്തരമായി
 

മഹാരാഷ്ട്രയിലെ കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസും. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റുക. എല്ലാ എംഎൽഎമാരോടും അടിയന്തരമായി മുംബൈയിലേക്ക് എത്താൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്

ശിവസേന ഇതുവരെ വഴങ്ങാത്ത സാഹചര്യത്തിൽ ബിജെപിക്ക് സർക്കാർ രൂപീകരണം കീറാമുട്ടിയായി മാറുകയാണ്. മറ്റ് പാർട്ടികളെ എംഎൽഎമാരെ പതിവ് പോലെ ചാക്കിട്ട് പിടിക്കാനുള്ള പിൻവാതിൽ ശ്രമമാണ് ബിജെപി നടത്തുന്നത്. ഇത് ഭയന്നാണ് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസം ശിവസേനയും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു

ശിവസേനയെ അനുനയിപ്പിക്കാൻ ആർ എസ് എസ് നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ആർ എസ് എസ് നേതാവ് സാംമ്പാജി ബിഡെ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ മുഖ്യമന്ത്രി സ്ഥാനമില്ലാതെ ചർച്ചയ്ക്ക് തയ്യാറില്ലെന്ന നിലപാട് ഉദ്ദവ് ആവർത്തിച്ചു.

അധികാരം പങ്കിടാമെന്ന അമിത് ഷായുടെ വാക്ക് ബിജെപി പാലിക്കാനാണ് ശിവസേന ആവശ്യപ്പെടുന്നത്. താൻ നുണയാണ് പറയുന്നതെന്ന മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന്റെ പരസ്യ പ്രസ്താന മുറുവേൽപ്പിച്ചെന്നും ഉദ്ദവ് വ്യക്തമാക്കി.